കായംകുളം: പുല്ലുകുളങ്ങരയിൽ വീട് കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടക്കുന്നതായി രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് മഫ്തിയിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കുനേരേ ആക്രമണം. ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ വർഗീസ് പയസ് , രാജേഷ് കുമാർ എന്നീ ഉദ്യോഗസ്ഥർക്കാണ് മർദനമേറ്റത്. പുല്ലുകുളങ്ങര സ്വദേശി ശ്രീലാലിന്റെ വീട്ടിലായിരുന്നു പരിശോധന നടത്തിയത്.
നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് ശ്രീലാൽ. വീട്ടിൽ മദ്യം വിൽപ്പന സ്ഥിരമായി നടത്തുന്ന ശ്രീലാൽ ബാർ പ്രവർത്തിക്കാത്ത ദിവസങ്ങളിൽ വലിയതോതിൽ വീട്ടിൽ മദ്യക്കച്ചവടം നടക്കുന്നതായി ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിൽ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹരിപ്പാട് നിന്നുമെത്തിയ ഉദ്യോഗസ്ഥർ ജീപ്പ് നൂറുമീറ്റർ അകലെ പാർക്ക് ചെയ്തതിനുശേഷം രാജേഷ് കുമാർ, വർഗീസ് പയസ് എന്നിവർ ശ്രീലാലിന്റെ വീട്ടിലേക്ക് പരിശോധനയ്ക്കായി നടന്നു പോയി.
വീട്ടിൽ എത്തിയ ഉദ്യോഗസ്ഥരെ മുറിക്കുള്ളിൽ പൂട്ടിയിട്ട് ശ്രീലാലും കുടുംബവും ചേർന്ന് ക്രൂരമായ മർദിക്കുകയായിരുന്നെന്നാണ് പരാതി.ഇവർ പരിശോധനയ്ക്കു വീട്ടിൽ എത്തിയപ്പോൾ വീട്ടിൽ മദ്യക്കച്ചവടം നടക്കുകയായിരുന്നെന്നും എക്സൈസ് ഉദ്യോഗസ്ഥരെ മർദിച്ചതിനു ശേഷം പ്രതി ഓടി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. പരിക്കേറ്റ ഉദ്യോഗസ്ഥരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനകക്കുന്ന് പോലീസ് കേസെടുത്തു.
നാലു പേർക്കെതിരേ കേസ്
ഹരിപ്പാട്: റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ വീട്ടിൽവച്ച് മദ്യക്കുപ്പികൊണ്ട് അടിച്ചുപരിക്കേല്പിച്ചു. സംഭവത്തിൽ കണ്ടല്ലൂർ തെക്ക് ശ്രീനിലയത്തിൽ ശ്രീലാൽ (42), പിതാവ് ശ്രീധരൻ (78) എന്നിവരടക്കം നാലുപേർക്കെതിരേ കനകക്കുന്ന് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.